District News
കോതമംഗലം: കീരമ്പാറ പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാന് സ്പെഷല് ഡ്രൈവ് ആരംഭിച്ചു. കീരമ്പാറ പഞ്ചായത്തിലെ പല പ്രദേശങ്ങളും കാട്ടുപന്നിശല്യത്തിന്റെ പിടിയിലാണ്.
ഈ സാഹചര്യത്തിലാണ് നാട്ടിലിറങ്ങി വിഹരിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന് ഊര്ജിത യജ്ഞത്തിന് തുടക്കമിട്ടിരിക്കുന്നത്. പഞ്ചായത്തിന്റെ ഷൂട്ടര് പാനലിലുള്ളവരെ രംഗത്തിറക്കി രാത്രികാലങ്ങളില് പരിശോധന നടത്തുകയും കണ്ടെത്തുന്ന പന്നികളെ വെടിവച്ച് കൊല്ലുന്നതിനുമാണ് തീരുമാനം. നടപടി കര്ഷകര്ക്കും നാട്ടുകാര്ക്കും ആശ്വാസം നല്കുമെന്നാണ് പ്രതീക്ഷ.
ഇതുസംബന്ധിച്ച് ചേര്ന്ന യോഗത്തില് പ്രസിഡന്റ് റീന ജോഷി, ബിനോയി സി.പുല്ലന്, ഗോപി മുട്ടത്ത്, ജിജോ ആന്റണി, റെയിഞ്ച് ഓഫീസര് തുടങ്ങിയവര് പങ്കെടുത്തു. ഷൂട്ടര്മാരായ ഷിന്റോ ഏലിയാസ്, സോജന് പുല്ലന്, ഷാജി വേങ്ങാശേരി, എന്നിവരും യോഗത്തില് ഉണ്ടായിരുന്നു. സ്പെഷല് ഡ്രൈവിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി കാട്ടുപന്നികളെ തേടി ഷൂട്ടര്മാരുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തിറങ്ങിയിരുന്നു. എന്നാല് ഒന്നിനെ പോലും വെടിവയ്ക്കാന് കഴിഞ്ഞില്ല. വരും ദിവസങ്ങളിലും ശ്രമം തുടരും.
Kerala
ചാലക്കുടി: അതിരപ്പിള്ളിയിൽ പുഴകടന്ന് ജനവാസമേഖലയിൽ എത്തുന്ന കാട്ടാനകളെ വനത്തിലേക്കു കയറ്റിവിടുന്നതിനുള്ള ഡ്രൈവ് ആരംഭിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ.
വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെ വീടും ആക്രമണം നടന്ന സ്ഥലവും സന്ദർശിച്ചശേഷം ചാലക്കുടി റസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു മന്ത്രി. മോഹനന്റെ മകൾ ഗ്രീഷ്മയ്ക്കു ജോലി നൽകാൻ നടപടിയെടുക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.
ഡെപ്യൂട്ടി കൺസർവേറ്റർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഒരാഴ്ച നീളുന്ന ഡ്രൈവ് നടത്തുക. ഡ്രോൺ ഉപയോഗിച്ച് നീരിക്ഷണം നടത്തും. ഈ മേഖലയിലുള്ള മൂന്ന് ആക്രമണകാരികളായ ആനകളെ പിടികൂടും.
സൗരോർജവേലി, ഫെൻസിംഗ് എന്നിവയുടെ പണി പൂർത്തിയാക്കും. മലയോര മേഖലയിലെ അടിക്കാടുകൾ മുപ്പത് കിലോമീറ്റർ വെട്ടിമാറ്റുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടമായി ഫെൻസിംഗ് നിർമാണവും മൂന്നാം ഘട്ടത്തിൽ 100 ദിനപരിപാടിയിൽ ഉൾപ്പെടുത്തി കാട്ടിൽ ആനകൾക്ക് തീറ്റയും വെള്ളവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി റോജി എം. ജോൺ, ബെന്നി ബെഹന്നാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഡിഎഫ്ഒമാരായ എം. വെങ്കിടേശ്, ഐ.എസ്. സുരേഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
Kerala
കൊച്ചി: ഹെല്മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള് ഓടിച്ചതിന് സംസ്ഥാനവ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയില് പിഴ ഈടാക്കിയത് 2,70,51,150 രൂപ. ഇക്കാലയളവില് 51,604 നിയമലംഘനങ്ങള് കണ്ടെത്തി. ഹെല്മെറ്റ് ഓണ് സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷല് ഡ്രൈവില് 1,13,011 ഇരുചക്ര വാഹനങ്ങളാണു പരിശോധിച്ചത്.
ഇരുചക്ര വാഹനയാത്രയില് ഹെല്മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും റോഡപകടങ്ങള് കുറയ്ക്കുന്നതിനുമായാണ് പോലീസിന്റെ ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം 18 മുതല് 24 വരെ സംസ്ഥാനവ്യാപകമായി സ്പെഷല് ഡ്രൈവ് സംഘടിപ്പിച്ചത്.
ഇരുചക്ര വാഹനാപകടങ്ങളില് ജീവന് നഷ്ടമാകുന്നതില് ഭൂരിഭാഗം പേരും അപകടസമയത്ത് ഹെല്മറ്റ് ധരിക്കാത്തവരായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തില് തുടര്ന്നുള്ള ദിവസങ്ങളില് നിരന്തര പരിശോധന നടത്തും. നിയമലംഘനം ആവര്ത്തിക്കുന്നവര്ക്കെതിരേ കര്ശന നടപടി ഉണ്ടാകും.
ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയുടെ നിര്ദേശപ്രകാരം ട്രാഫിക് സോണല് എസ്പിമാരുടെ മേല്നോട്ടത്തില് ജില്ലാ ട്രാഫിക് നോഡല് ഓഫീസര്മാരുമായി സഹകരിച്ചാണു പരിശോധനകള് നടത്തിയത്.
ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്പ്പെട്ടാല് പൊതുജനങ്ങള്ക്ക് 974700 1099 എന്ന ശുഭയാത്ര വാട്സാപ് നമ്പറില് ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാം.
Kerala
കൊച്ചി: സൈബര് സാമ്പത്തിക കുറ്റകൃത്യങ്ങള് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഓപ്പറേഷന് സൈഹണ്ട് 2.0 എന്നപേരില് നടത്തിയ സ്പെഷല് ഡ്രൈവില് അറസ്റ്റിലായത് 167 പേര്. 463 കേസുകളാണ് രജിസ്റ്റര് ചെയ്തത്. 1,220 റെയ്ഡുകള് നടത്തുകയും 227 പേര്ക്കു നോട്ടീസ് നല്കുകയും ചെയ്തു. 324 ഉപകരണങ്ങളാണു പിടിച്ചെടുത്തത്.
ഡിജിറ്റല് പ്ലാറ്റ്ഫോമുകളും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്തു നടക്കുന്ന സൈബര് തട്ടിപ്പുകള്ക്ക് പിന്തുണ നല്കുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുകയാണ് സ്പെഷല് ഡ്രൈവിന്റെ ലക്ഷ്യം. ഇന്റലിജന്സ് വിശകലനത്തിന്റെ അടിസ്ഥാനത്തില് 422 മ്യൂള് ബാങ്ക് അക്കൗണ്ടുകള് കണ്ടെത്തുകയും 670 പേര് ചെക്കു വഴി പണം പിന്വലിക്കുന്ന കേസുകളിലും 263 പേര് എടിഎം പിന്വലിച്ച കേസുകളിലും ഉള്പ്പെട്ടതായും കണ്ടെത്തി
ദേശീയ സൈബര് ക്രൈം റിപ്പോര്ട്ടിംഗ് പോര്ട്ടല് വഴി ലഭ്യമായ പരാതികളും സാമ്പത്തിക ഇന്റലിജന്സും വിശകലനം ചെയ്താണു പരിശോധനകള് ആസൂത്രണം ചെയ്തത്. ചെക്ക് വഴിയും എടിഎം വഴിയും തട്ടിപ്പിലൂടെ ലഭിച്ച പണം പിന്വലിക്കുന്നവരെയും മ്യൂള് ബാങ്ക് അക്കൗണ്ടുകള് നല്കുന്നവരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകളും തുടര്നടപടികളും.
സൈബര് സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സൈബര് പോലീസ് അറിയിച്ചു. ഒടിപി, പിന്, സിവിവി, പാസ്വേഡ് തുടങ്ങിയ ബാങ്ക് വിവരങ്ങള് ഒരിക്കലും മറ്റാരുമായും പങ്കുവയ്ക്കരുത്. സംശയകരമായ ലിങ്കുകളില് ക്ലിക്ക് ചെയ്യരുത്. പരിചയമില്ലാത്ത വര്ക്ക് ഫ്രം ഹോം അല്ലെങ്കില് ടാസ്ക് അടിസ്ഥാനത്തിലുള്ള ഓഫറുകളില് ജാഗ്രത പാലിക്കണം.
ഓരോ അക്കൗണ്ടിനും വ്യത്യസ്തവും ശക്തവുമായ പാസ്വേഡുകള് ഉപയോഗിക്കുകയും ടു ഫാക്ടര് ഓഥന്റിക്കേഷന്പോലുള്ള സുരക്ഷാസംവിധാനം സജീവമാക്കുകയും ചെയ്യണം. സംശയകരമായ സൈബര് സംഭവങ്ങള് ശ്രദ്ധയില്പ്പെട്ടാല് ഉടന് 1930 എന്ന ഹെല്പ്ലൈന് നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി നല്കണമെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ക്രമസമാധാനവും സ്വൈ രജീവിതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല് ഡ്രൈവില് അറസ്റ്റിലായത് 1,663 പേര്.
ഗുരുതര കുറ്റകൃത്യങ്ങളില് ഉള്പ്പെട്ട 691 പേരെയും വിവിധ കേസുകളില് ഉള്പ്പെട്ട് ഒളിവില് കഴിയുകയായിരുന്ന 972 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടകള്, ഗുരുതര കുറ്റകൃത്യങ്ങളില് സ്ഥിരമായി ഏര്പ്പെടുന്നവര്, മോഷ്ടാക്കള്, പിടികിട്ടാപ്പുള്ളികള് എന്നിവരെ കണ്ടെത്തി നിയമത്തിനുമുന്നില് കൊണ്ടുവരുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്ദേശപ്രകാരമാണ് ‘ഓപ്പറേഷന് റൗണ്ട് അപ്’എന്നപേരില് സ്പെഷല് ഡ്രൈവ് നടപ്പാക്കിയത്.
ക്രമസമാധാന വിഭാഗം എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്നോട്ടത്തില് 12 മുതല് 14 വരെയായിരുന്നു സ്പെഷല് ഡ്രൈവ് നടപ്പിലാക്കിയത്. ദക്ഷിണ, ഉത്തരമേഖല ഐജിമാര്, റേഞ്ച് ഡിഐജിമാര്, ജില്ലാ പോലീസ് മേധാവിമാര് എന്നിവര് നേതൃത്വം നല്കി.
സ്പെഷല് ഡ്രൈവിന്റെ ഭാഗമായി 1028 പേര്ക്കെതിരേ ബിഎന്എസ്എസ് സെക്ഷന് 126/129 പ്രകാരം കരുതല് നടപടികള് കൈക്കൊണ്ടു.
കാപ്പ നിയമപ്രകാരം 20 പേരെ കരുതല്തടങ്കലിലും 30 പേര്ക്കെതിരേ നാടുകടത്തല് നടപടികളും ആരംഭിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവര്ക്കെതിരേ 1,354 കേസുകള് രജിസ്റ്റര് ചെയ്ത് ഇവരുടെ ലൈസന്സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.